ഗ്രാമ പഞ്ചായത്തിന്റെ ചരിത്രം
ചരിത്രം
സാമൂഹ്യചരിത്രം
പഞ്ചായത്തിലെ പ്രസിദ്ധവും പുരാതനവുമായ അമ്പലപ്പടി ശിവക്ഷേത്രം സാമൂതിരിയുടെ പതിനെട്ടരക്കാവില്‍ ഉള്‍പ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. പണ്ടുകാലത്ത് വളരെ പ്രസിദ്ധമായിരുന്ന ഒരു ആഴ്ചചന്ത വണ്ടൂരിലുണ്ടായിരുന്നു. ബ്രിട്ടീഷ് സാമ്രാജ്യത്വ വാഴ്ചക്കെതിരായി ടിപ്പുസുല്‍ത്താന്റെ പടയോട്ടത്തിനു വണ്ടൂര്‍ഗ്രാമവും സാക്ഷ്യം വഹിച്ചിട്ടുണ്ട്. തൊഴില്‍ സമരങ്ങള്‍, കര്‍ഷകസമരങ്ങള്‍, അധ്യാപകരുടെ നേതൃത്വത്തിലുള്ള സാംസ്കാരിക നവോത്ഥാന മുന്നറ്റങ്ങള്‍ എന്നിവ വണ്ടൂരില്‍ നടന്നിട്ടുണ്ട്. 1895-വരെ നിലമ്പൂര്‍ റോഡിലും പിന്നീട് 1958-വരെ പള്ളിക്കുന്നിലുമായി ഈ പ്രദേശത്ത് പ്രസിദ്ധവും പുരാതനവുമായൊരു ചന്ത നടന്നിരുന്നു. മലപ്പുറം, മഞ്ചേരി, നിലമ്പൂര്‍, കാളികാവ്, തുവ്വൂര്‍ ഭാഗത്തുനിന്നല്ലാം ചൊവ്വാഴ്ച ദിവസം ആളുകള്‍ ചന്തക്കെത്തിയിരുന്നു. വണ്ടൂര്‍ ടൌണില്‍ നിന്നും ഒരു കിലോമീറ്ററകലെ നിലമ്പൂര്‍ റോഡില്‍ പുളിക്കലിന്റെ കിഴക്കുഭാഗത്ത് സ്ഥിതി ചെയ്യുന്ന പടാളിപ്പറമ്പ് പ്രദേശം പഴയനാടന്‍ കലകളുടെ വിളനിലമായിരുന്നു. ഉദാത്തമായ സാംസ്കാരികപൈതൃകവും, പാരമ്പര്യവുമുള്ള പ്രദേശമാണ് വണ്ടൂര്‍. ഫ്യൂഡല്‍ ജന്മി ദുഷ് പ്രഭുത്വത്തിന്റെ തീക്ഷ്ണമായ അനുഭവങ്ങള്‍ വണ്ടൂരിലെ ജനങ്ങളും അനുഭവിച്ചിട്ടുണ്ട്. 1940-50 കാലഘട്ടങ്ങളില്‍ ഉണ്ടായിരുന്ന പുരോഗമന സംഘടനകളുടെ മുന്നറ്റങ്ങളുടെ ഫലമായാണ് സാമൂഹ്യ സാംസ്കാരിക നവോത്ഥാനം ഇവിടെ ഉണ്ടായിട്ടുള്ളത്. ജന്മിത്തത്തിനെതിരേയുള്ള കുടിയാന്‍ പ്രക്ഷോഭങ്ങളുടെയും തൊഴില്‍സമരങ്ങളുടെയും ഇതിഹാസങ്ങളും ഈ പഞ്ചായത്തിനു പറയാനുണ്ട്. ഒന്നാം ലോകമഹായുദ്ധത്തില്‍ ബ്രിട്ടീഷുകാര്‍, തുര്‍ക്കി സുല്‍ത്താന്റെ ഖലീഫത്ത് പദവി നശിപ്പിച്ചതില്‍ വേദന പൂണ്ട ഇന്ത്യന്‍ മുസ്ളീങ്ങള്‍ ഖിലാഫത്ത് പ്രസ്ഥാനത്തിനു രൂപം കൊടുത്തു. 1920-ല്‍ മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബും, മൊയ്തു മൌലവിയും ഖിലാഫത്തിന്റെ പ്രചാരകരായി വണ്ടൂരില്‍ വന്നിട്ടുണ്ട്. മുഹമ്മദ് അബ്ദുറഹിമാന്‍ സാഹിബ് സെക്രട്ടറിയായി മലബാര്‍ ഖിലാഫത്ത് കമ്മിറ്റി രൂപീകരിച്ചു. കേരളാപ്രദേശ് കോണ്‍ഗ്രസ് നേതാക്കളുടെ ആഹ്വാനപ്രകാരം ഏറനാട്ടിലെ മാപ്പിളമാരുടെ സജീവ പങ്കാളിത്തം കൊണ്ട് ഖിലാഫത്ത് പ്രക്ഷോഭം കരുത്താര്‍ജ്ജിച്ചു. ഒരു പ്രക്ഷുബ്ധ സന്ദര്‍ഭത്തില്‍ ബ്രിട്ടീഷ് പട്ടാളം അക്രമത്തിനൊരുങ്ങി വന്നപ്പോള്‍ മാപ്പിളമാര്‍ ആത്മരക്ഷാര്‍ത്ഥം നടത്തിയ പ്രത്യാക്രമണമായിരുന്നു ഒരര്‍ത്ഥത്തില്‍ 1921-ലെ മലബാര്‍ കലാപമായി മാറിയത്. 1921-ന് മുമ്പു തന്നെ വണ്ടൂരില്‍ ടി.ബി (ടൂറിസ്റ്റ്റ് ബംഗ്ളാവ്) പ്രവര്‍ത്തിക്കുന്നുണ്ട്. ബ്രിട്ടീഷുകാരുടെ കാലത്ത് കളക്ടര്‍, ആര്‍.ഡി.ഒ (തുക്കിടി സായിപ്പ്) തുടങ്ങിയ ഉദ്യോഗസ്ഥന്മാര്‍ വരുമ്പോള്‍ താമസിക്കുന്നതിനായാണ് മൂന്ന് ഏക്കര്‍ സ്ഥലത്ത് കിഴക്കേക്കുന്നിന്റെ മുകളില്‍ ടി.ബി സ്ഥാപിച്ചത്. ഇവിടം പല ചരിത്രസംഭവങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട്. വണ്ടൂരിനടുത്ത പാണ്ടിക്കാട് നെല്ലിക്കുത്ത് സ്വദേശിയായിരുന്നു ഖിലാഫത്തിന്റെ നേതാവും ആവേശവുമായിരുന്ന വാരിയന്‍കുന്നത്ത് കുഞ്ഞുമുഹമ്മദ് ഹാജി. ഹാജിയും ചെമ്പ്രശ്ശേരി തങ്ങള്‍ തുടങ്ങിയവരും നയിച്ച മലബാര്‍ കലാപം താമസിയാതെ വണ്ടൂരിലേക്കും വ്യാപിച്ചു. കലാപത്തെ ഒതുക്കാന്‍ ഗൂര്‍ഖാ പട്ടാളം കൂട്ടമായി രംഗത്തിറങ്ങി. മലബാര്‍ കലാപം ഒതുക്കാന്‍ ബ്രിട്ടീഷുകാര്‍ വണ്ടൂരില്‍ കേന്ദ്രീകരിച്ചത് ഈ ടി.ബി പരിസരത്തായിരുന്നു. മുതിര്‍ന്ന ആണുങ്ങളെ അവര്‍ വെടിവെച്ചു കൊന്നു. പല സ്ത്രീകളും ബലാല്‍സംഗം ഭയന്ന് ആത്മഹത്യ ചെയ്തു. 12-നും 16-നുമിടയ്ക്കു പ്രായമുള്ള ആണ്‍ക്കുട്ടികളെ മുഴുവന്‍ അറസ്റ്റ്റു ചെയ്തു ബെല്ലാരിയിലേക്ക് കൊണ്ടുപോയി. 1891 മേയ് 11-ാം തീയതി ബ്രിട്ടീഷുകാര്‍ വണ്ടൂരില്‍ ആരംഭിച്ച പോലീസ് സ്്റ്റേഷന്‍്, 1924 മാര്‍ച്ച് 21-ഓടെ സര്‍ക്കിള്‍ ഓഫീസ്സാക്കി ഉയര്‍ത്തി. റെയില്‍വേ യാത്രാ സൌകര്യങ്ങള്‍ വാണിയമ്പലത്തുണ്ടാവുന്നത് 1927-ലാണ്. 1937-ല്‍ മദ്രാസ് അസംബ്ളിയിലേക്ക് അബ്ദുറഹിമാന്‍ സാഹിബ് വണ്ടൂരില്‍ നിന്നു മത്സരിക്കുകയും വമ്പിച്ച ഭൂരിപക്ഷത്തോടെ വിജയിക്കുകയും ചെയ്തു. 1940-ല്‍ വണ്ടൂരില്‍ കമ്മ്യൂണിസ്റ്റ്റ് പാര്‍ട്ടി സ്വകാര്യമായി പ്രവര്‍ത്തിച്ചുതുടങ്ങി. പുഴിക്കാടന്‍ റഹീം ആയിരുന്നു ആദ്യസെക്രട്ടറി. സഖാവ് കുഞ്ഞാലി ആദ്യ സെക്രട്ടറിയായിക്കൊണ്ട് 1940-ല്‍ ഫര്‍ക്കാകമ്മിറ്റി രൂപീകരിച്ചു. 1941-ല്‍ രണ്ടാം ലോകമഹായുദ്ധ കാലത്ത് പട്ടാളം പാളങ്ങള്‍ പൊളിച്ചുനീക്കി. 1953-ലാണ് വീണ്ടൂം റെയില്‍വേ ലൈന്‍ സ്ഥാപിച്ചുകൊണ്ട് ഗതാഗതം പുനരാരംഭിച്ചത്. റവ.ഓട്ടന്‍സായിപ്പ് വണ്ടൂരിലെ “ഫാദര്‍ ഡാമിയന്‍” ആയിരുന്നു. അദ്ദേഹം സ്ഥാപിച്ച കരുണാലയ ഹോസ്പിറ്റല്‍ വണ്ടൂരിലെ ആരോഗ്യ ചികിത്സാരംഗത്ത് വമ്പിച്ച ഗുണഫലങ്ങള്‍ ഉളവാക്കി. 1952-ല്‍ ഏപ്രില്‍ 3-ാം തീയതിയാണ് കരുണാലയ ഹോസ്പിറ്റല്‍ ഉദ്ഘാടനം ചെയ്തത്. ഓട്ടന്‍ സായിപ്പിന്റെ പരിശ്രമഫലമായി അമേരിക്കയില്‍ നിന്നും ക്ഷയരോഗികള്‍ക്കു വേണ്ടി ഭക്ഷണം, മരുന്ന് എന്നിവ എത്തിച്ച് സൌജന്യമായി നല്‍കുകയും വീടുകളില്‍ പോയി പരിശോധിച്ച് മരുന്നും ഇഞ്ചക്ഷനും നല്‍കുകയും ചെയ്തു. ക്ഷയരോഗത്തിനെതിരെ അദ്ദേഹം നടത്തിയ തീവ്രയജ്ഞം നിമിത്തമാണ് വണ്ടൂര്‍ പ്രദേശം ക്ഷയരോഗ വിമുക്തമാകുന്നത്. ആശുപത്രിയില്‍ വെച്ചുള്ള പ്രസവം നാട്ടുകാരെ പരിചയിപ്പിച്ചതും കരുണാലയ ആശുപത്രിയും റവ.ഓട്ടന്‍ സായിപ്പുമാണ്. പാമ്പു വിഷമേറ്റവര്‍ക്ക് ആശുപത്രിയില്‍ ചികിത്സ ഏര്‍പ്പെടുത്തിയതും കരുണാലയയിലാണ്. ആറുകിടക്കകളോടുകൂടി 1954-ല്‍ ഗവ. ആശുപത്രി മഞ്ചേരി റോഡില്‍ സ്ഥാപിതമായി. 1960-ല്‍ കര്‍ളിക്കാട്ടില്‍ മൂസ്സകുട്ടി ഹാജി സംഭാവന ചെയ്ത ഒരേക്കര്‍ സ്ഥലത്ത് പുതിയ കെട്ടിടം പണിത് ആശുപത്രി അങ്ങോട്ടു മാറ്റി.
വിദ്യാഭ്യാസചരിത്രം
മലബാര്‍ കലാപത്തില്‍ നിന്നും ബ്രിട്ടീഷ് ഗവണ്‍മെന്റ് ഒരു പാഠം പഠിച്ചു. മതപരമായി ആദര്‍ശവും വൈകാരികതയും കൂടുതലായ മുസ്ളീം സമൂഹം കലാപങ്ങള്‍ക്ക് അടിമപ്പെടാതിരിക്കാന്‍ അവര്‍ക്ക് ആധുനിക വിദ്യാഭ്യാസം നല്‍കി ഉദ്ധരിച്ചെടുക്കുക എന്നതായിരുന്നു അത്. മാപ്പിളമാര്‍ക്ക് സ്ക്കുളില്‍ വെച്ച് മലയാള ലിപിയിലൂടെ തന്നെ മതം പഠിപ്പിക്കുകയെന്നതായിരുന്നു അതിനായി അവര്‍ സ്വീകരിച്ച തന്ത്രം. ഓത്തുപള്ളികളിലെ മൊല്ലാക്കമാരെ കൊണ്ട് ഇത്തിരി മലയാളം അക്ഷരം കൂടി പഠിപ്പിച്ച് ഗവണ്‍മെന്റില്‍ നിന്ന് ഗ്രാന്റ് വാങ്ങിക്കൊടുക്കുകയും ചെയ്തു. 1948 വരെ വണ്ടൂരില്‍ ഹൈസ്ക്കൂള്‍ ഉണ്ടായിരുന്നില്ല. അന്നത്തെ ഗവ..യു.പി.സ്ക്കൂളായ ബോര്‍ഡ് സ്ക്കൂളില്‍ 8-ാം ക്ളാസ്സ് പാസ്സായാല്‍ പഠിപ്പ് നിര്‍ത്തുകയായിരുന്നു പതിവ്. സ്ത്രീ വിദ്യാഭ്യാസം നിഷിദ്ധമായി കരുതിയിരുന്ന ആ കാലത്ത് സ്ത്രീകളെ ആധുനിക വിദ്യാഭ്യാസത്തിലേക്ക് ആകര്‍ഷിക്കാന്‍ വേണ്ടി മലബാര്‍ ഡിസ്ട്രിക്റ്റ് ബോര്‍ഡിന്റെ കീഴില്‍ 1930-ല്‍, 1-മുതല്‍ 4-വരെ ക്ളാസ്സുകളുള്ള ഒരു സ്കൂള്‍ ടി.ബി റോഡിലെ പള്ളി ഇടവഴിയില്‍ നിലവില്‍ വന്നു. മറിയം മുസ് ആയിരുന്നു ഇവിടുത്തെ ആദ്യത്തെ ഹെഡ്മിസ്ട്രസ്സ്. വെള്ളക്കാച്ച് ധരിച്ച മുസ്ളീം വനിതയെ നാട്ടുകാര്‍ അന്ന് അത്ഭുതത്തോടെ നോക്കിനിന്നു. മതം പഠിപ്പിക്കാന്‍ വെള്ളാമ്പൂറത്തു നിന്ന് തയ്യുമ്മയെയും കൊണ്ടുവന്നു. പെണ്ണുസ്ക്കൂള്‍ എന്നറിയപ്പെട്ടിരുന്ന ഈ വിദ്യാലയം, 1947-ല്‍ പൂക്കളത്തിലേക്ക് മാറ്റി. ഈ സ്കൂളിലെ എല്ലാ അധ്യാപകരും വനിതകളായിരുന്നു.
സാംസ്കാരികചരിത്രം
പഞ്ചായത്തിലെ പ്രസിദ്ധവും പുരാതനവുമായ അമ്പലപ്പടി ശിവക്ഷേത്രം സാമൂതിരിയുടെ പതിനെട്ടരക്കാവില്‍ ഉള്‍പ്പെട്ട ക്ഷേത്രങ്ങളിലൊന്നാണ്. കറളിക്കാട്ടില്‍ തണ്ടുപാറയ്ക്കല്‍ മൂസ്സകുട്ടി അധികാരിയും പിതാവ് വലിയ ഹൈദര്‍ഹാജിയും സ്ഥലം നല്‍കി 150-ലധികം വര്‍ഷങ്ങള്‍ക്കു മുമ്പ് നിര്‍മ്മിച്ചതാണ് പള്ളികുന്ന് ജുമാ അത്ത് പള്ളിയും കബര്‍സ്ഥാനവും. വണ്ടൂരിലെ പഴക്കമുള്ള മുസ്ളീം ആരാധനാലയമാണിത്. 1952-ല്‍ സ്ഥാപിക്കപ്പെട്ട മുജാഹിദ് പള്ളിയിലാണ് സ്ത്രീകള്‍ ആദ്യമായി പ്രാര്‍ത്ഥനയ്ക്ക് വന്നു തുടങ്ങിയത്. 1990-ല്‍ ഇസ്ളാമിക് മിഷന്‍ ട്രസ്റ്റ്റ് സ്ഥാപിതമായി. ജുമാഅത്ത് പള്ളിയോടനുബന്ധിച്ച് ഒരു ലൈബ്രറിയുമുണ്ട്. ഫുട്ബാള്‍ രംഗത്ത് മലബാറില്‍ തന്നെ ഏറ്റവും പ്രശസ്തമായ പാരമ്പര്യമുള്ളവരാണ് ഇവിടത്തുകാര്‍. ഈ രംഗത്ത് പ്രശസ്തരായിരുന്നു മുക്കണ്ണന്‍ മമ്മത്, ചെമ്പാലന്‍ നാണി, ചോലക്കന്‍ മുഹമ്മദ് എന്ന ചോലാക്ക എന്നിവര്‍. പണ്ടുമുതല്‍ തന്നെ വണ്ടൂര്‍ പ്രദേശം കലാരംഗത്തും വളരെ മുന്‍പന്തിയിലായിരുന്നു. മാപ്പിള കലാരംഗത്ത് ശ്രദ്ധേയരായ കലാകാരന്മാര്‍ ഇവിടെ ജീവിച്ചിരുന്നു. പുലിക്കോട്ടില്‍ ഹൈദര്‍, പി.ടി.വീരാന്‍കുട്ടി മൌലവി, പോക്കാവില്‍ മൊല്ലാക്ക, നെച്ചിക്കാടന് കുഞ്ഞുഹമ്മദ് മാസ്റ്റ്റര്‍ എന്നിവര്‍ അവരില്‍ പ്രഥമസ്ഥാനീയരാണ്. ഇന്നും ഈ രംഗത്ത് പ്രവര്‍ത്തിക്കുന്ന നാലാകത്ത് കാസിമിന്റെ സേവനം ശ്രദ്ധേയമാണ്. 1990-ല്‍ കേരള സാഹിത്യ അക്കാദമിയുടെ അവാര്‍ഡ് നാലാകത്ത് കാസിമിന് ലഭിച്ചിട്ടുണ്ട്. 1969 മുതല്‍ ഒരു ലക്കവും മുടങ്ങാതെ നസ്രത്തുല്‍ അനാം എന്ന പേരിലുള്ളൊരു മാസിക വണ്ടൂരില്‍ നിന്ന് പ്രസിദ്ധീകരിച്ചു വരുന്നു. അതുപോലെ 1992 മുതല്‍ ബൂല്‍ബൂല്‍ എന്നാരു മാസികയും പ്രസിദ്ധീകരിക്കുന്നുണ്ട്. ആദിവാസി നൃത്തം, കോല്‍ക്കളി, ചവിട്ടുകളി, തെയ്യം, തിറ, കൈകൊട്ടിക്കളി എന്നിവയുടെ സങ്കേതങ്ങള്‍ തന്നെ ഈ പഞ്ചായത്തില്‍ ഉണ്ടായിരുന്നു. ഒപ്പന എന്ന കലാരൂപം വണ്ടൂരിലെയും പരിസരപ്രദേശങ്ങളിലേയും പെണ്‍കുട്ടികളുടെ സര്‍ഗ്ഗാത്മകതയെ പരിപോഷിപ്പിച്ച സംഘകേളിയായിരുന്നു. വട്ടകളിയും ചവിട്ടുകളിയും ഈ ഞ്ചായത്തില്‍ ഏറെ പ്രചാരമുണ്ടായിരുന്ന രണ്ട് നാടന്‍ കലാരൂപങ്ങളാണ്. നടീല്‍പാട്ട്, തിരുവാതിരക്കളി, തുടികൊട്ടിപ്പാട്ട്, മോഹിനിയാട്ടം, ഭരതനാട്യം, തോറ്റംപാട്ട്, കോലംകെട്ട്, പുലിക്കളി, വില്‍പ്പാട്ട് എന്നീ കലകളും പഞ്ചായത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിലനിന്നിരുന്നു. മാരിയമ്മന്‍ പൂജ, താലപ്പൊലി, കാളിപൂജ, അയ്യപ്പന് പാട്ട്, കൊയ്ത്തുത്സവം, പാട്ടുത്സവം, തേര്‍പൂജ തുടങ്ങിയവയാണ് വണ്ടൂരിലെ പ്രധാന ഉത്സവങ്ങള്‍. വണ്ടൂരില്‍ ആദ്യമായി പ്രവര്‍ത്തനമാരംഭിച്ച വായനശാല അമ്പലപ്പടിയിലുള്ള പ്രഭാത് ഗ്രന്ഥാലയമാണ്. കൂടാതെ കാരാട് കേന്ദ്രമാക്കി എഴുത്തച്ഛന്‍ വായനശാല പ്രവര്‍ത്തിച്ചിരുന്നു. കാപ്പില്‍ ദേശസേവിനി വായനശാല ഇന്നും പ്രവര്‍ത്തിക്കുന്നുണ്ട്. കാരാട് ഭരത് സംസ്കാരവേദിയുടെ പ്രവര്‍ത്തനവും സജീവമായി നടത്തുന്നുണ്ട്. കാപ്പില്‍ കലാസമിതി, നാടകരംഗത്ത് കനപ്പെട്ട സംഭാവനകള്‍ നല്‍കിയ സ്ഥാപനമാണ്